"ജീവനില്ലാത്ത ഒരു ധര്‍മ പ്രബോധന കഥ" അല്ല ആരോഗ്യ നികേതനം എന്ന് പി.കെ. ബാലകൃഷ്ണന് പറയുന്നുണ്ട്. ചില ബദല്‍ വ്യാഖ്യാനങ്ങള്‍ക്ക് സാധ്യത തരുന്നുണ്ടെന്നത് കൂടിയാണ് അതിന്റെ സജീവത യുടെ ഒരു കാരണം എന്ന് തോന്നുന്നു.
അതിപ്രസിദ്ധിയുള്ളതാണ് ആരോഗ്യ നികേതനത്തിലെ മൃത്യു ദേവതാ രൂപം. "ചെന്ചേല വാരിച്ചുറ്റി ചെമ്പിച്ച മുടി പാറുമന്ധയാം ബധിരയാം കാലകന്യ" (സുഗതകുമാരി) യും കൂടിച്ചേര്‍ന്നാലെ ഈ കഥ പൂര്‍ത്തിയാവൂ എന്നതില്‍ സംശയമില്ല. പക്ഷെ, ജീവന്‍മശായ് ഉള്‍ക്കൊള്ളുന്ന ജീവന് / മൃത്യു സങ്കല്‍പ്പങ്ങളുടെ പൂര്‍ണതക്ക്, ഈയൊരു ദേവതാചിത്രം അത്രത്തോളം ആവശ്യമല്ല.
മരണത്തിന്റെ നിമിഷങ്ങളില്‍, 'ആത്മാവിനെ' മറു ലോകത്തേക്ക് നയിക്കാന്‍ എത്തുന്നത് ഈ കന്യാമൂര്ത്തിക്ക് പകരം മറ്റാരെന്കിലുമാണെന്നു ഒന്ന് സങ്കല്പിച്ചു നോക്കുക: അജാമിളനെ കൊണ്ടുപോകാനെത്തുന്ന 'മുഷ്ക്കര'ന്മാരായ യമദൂതന്മാര് (ഭാഗവതം), അതല്ലെങ്കില്‍, സല്ഗുനസംപന്നനായ സത്യവാന് "എന്നാള്‍ക്കാര്‍ കൊണ്ടുപോകെണ്ടോനല്ല" എന്ന് കണ്ട്, സ്വയം "കൈയില്‍ കയറുമായ് നല്ല കറുപ്പായ് രക്ത നേത്രനായ് " പ്രത്യക്ഷപ്പെടുന്ന യമന്‍? (മഹാഭാരതം)
ഇങ്ങനെയൊരു മാറ്റം വരുത്തുന്നതുകൊണ്ടു, രോഗത്തെയും മരണത്തെയും കാലത്തെയും കുറിച്ചുള്ള , ജീവന് മശായ് എന്ന ചികിത്സകന്റെ അടിസ്ഥാന ധാരണകള്‍ക്ക് വ്യത്യാസമൊന്നും സംഭവിക്കാനില്ല. "വിധിച്ചീടുന്ന കര്മമൊടുങ്ങുംപോള് പതിച്ചീടുന്നു ദേഹ മോരെടത്തു" എന്ന് ചുരുക്കിപ്പറയാവുന്ന ഈ സങ്കല്‍പ്പത്തില്‍, 'ദേഹി' യെ പരലോകത്തേക്കു കൂട്ടിചെല്ലുവാന് ഇതു മൂര്‍ത്തി വരുന്നുവെന്നതിനു വളരെയൊന്നുമില്ല, സാംഗത്യം.
ആരോഗ്യനികേതനത്തിലെ ഒരു കഥ തന്നെ ഉദാഹരണമായെടുത്ത് ഈ വാദം വിശദീകരിക്കാം:
മോത്തി കര്‍മകാര്‍ തന്റെ അമ്മയെ നോക്കാനായി വൃദ്ധ മശായിയെ വിളിക്കാന്‍ വരുന്നിടത്ത് നിന്നാണല്ലോ ആരോഗ്യനികേതനം ആരംഭിക്കുന്നത്. രോഗിണിയെക്കണ്ട ശേഷം 'ഇനി വൃദ്ധക്ക് പോയ്ക്കൂടെ? ഇതല്ലേ സുഖമായ പോക്ക്? പക്ഷെ അവള്‍ക്കു പോകാന്‍ ഇഷ്ടമില്ല " എന്ന് ചിന്തിച്ചുകൊണ്ട്, ജീവന് മശായ് ഒരു വാക്യം ഓര്‍ക്കുന്നു. "അഹന്യ ഹനി ഭൂതാനി ഗഛന്തി യമ മന്ദിരം,/ ശേഷ: സ്തിരത്വമിഛന്തി കിമാശ്ചാര്യ മത:പരം !" 'യമ മന്ദിരത്തിലേക്ക് പോവുക' എന്ന സങ്കല്പം തന്നെ ഇവിടെ കടന്നു വരുന്നത് ശ്രദ്ധിക്കുക.
ഒരു ചികിത്സകന് എന്ന നിലയില്‍, താനിടപെടുന്ന മനുഷ്യരുടെ മരണത്തെക്കുറിച്ചുള്ള ജീവന് മശായുടെ ധാരണകളും പരിഗണനകളുമൊക്കെ വ്യക്തമാക്കുന്ന ഒരു ഭാഗമാണ് മോത്തിയുടെ അമ്മയുടെ കഥ. അതുകൊണ്ടുതന്നെ, ഈ സന്ദര്‍ഭത്തില്‍, 'പോവുക' എന്നതിന് 'യമ മന്ദിരത്തിലേക്ക് പോവുക' എന്ന് തന്നെ വിശദമാക്കിയതിനു പ്രത്യേക സാംഗത്യം ഉണ്ട്. മരണമെന്ന പ്രതിഭാസത്തിന്റെ സ്വഭാവം, അതിന്റെ കാരണങ്ങള്‍, വാര്‍ധക്യത്തിലെത്തിയ ഒരാള്‍ മരണത്തെ എങ്ങനെ സമീപിക്കണ മെന്നതിനെക്കുറിച്ചുള്ള ധാരണകള്‍ -ഇത് പോലുള്ള വിഷയങ്ങളെ സംബന്ധിച്ചിടത്തോളം,മൃത്യു ദേവതക്ക് കല്പിക്കപ്പെടുന്ന രൂപഭാവങ്ങളേവ എന്നതിന് വലിയ പ്രസക്തിയൊന്നുമില്ല എന്നതിന് ദൃഷ്ടാന്തമാണിത്.
മൃത്യുദേവതയുടെ പരിണാമം
മഹാഭാരതത്തിലെ, വളരെയൊന്നും പ്രസിദ്ധമല്ലാത്ത ഒരുപകഥയില് നിന്നാണ് ജീവന്റെ മനസ്സില്‍ ഈ മൃത്യു കന്യക കുടിയേറിയത്. യൌവനാരംഭത്തില്‍ തന്നെ ആക്രമിച്ച 'വമ്പിച്ച അതൃപ്തി' (p.107) ക്കു കീഴ്പ്പെട്ട ശേഷം, ആത്മഹത്യയോളമെത്തുന്ന സ്വശരീര പീഡനവും (p.227) മനസ്സില്‍ സദാസമയവും മൃത്യു ദേവതാ സാധനയുമായിട്ടാണല്ലോ ജീവന് ദത്ത കാലം കഴിക്കുന്നത്. ഇതിനിടയില്‍, തന്റെ മനസ്സിന്റെ 'ആഴം കാണാത്തിരുളുകളില്' ആ ദേവതാരൂപം മാറി മറിഞ്ഞു മറ്റു പലതുമായിത്തീരുന്നു.
ജീവന് മശായുടെ ഏകാന്ത ധ്യാനത്തിലേക്ക് നോവലിസ്റ്റ് തുറന്നിടുന്ന കിളിവാതിലുകളിലൂടെ നോക്കുക:
"ഈ പരിണാമം ഈ മഹാപരിണാമം അനിവാര്യവും അമോഹവുമാണ്. വീണ്ടും വീണ്ടും താന്‍ ചോദിച്ചിട്ടുണ്ട്. എന്താണ് അവളുടെ രൂപം ? എങ്ങിനെയിരിക്കും? ഗന്ധത്തിലും വര്‍ണത്തിലും സ്പര്‍ശത്തിലും രുചിയിലും എങ്ങിനെയിരിക്കും? അവളുടെ സ്വരം എങ്ങിനെയിരിക്കും? പിതാവ് പറഞ്ഞ കഥയിലെ വര്‍ണനക്ക് പോലും ഈ സമയം മനസ്സിനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല." (p.262)
"മൃത്യുവിന്റെ പദധ്വനി കേള്‍ക്കാന്‍ കഴിഞ്ഞെങ്കില്‍! ദിവസം തോറും മനസ്സില്‍ പ്രബലമായി വരുന്ന ഒരൊറ്റ ആശയാണത് . അവളെ സര്വേന്ദ്രിയങ്ങള് കൊണ്ടും അനുഭവിക്കും. അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കാത്തിരിക്കും. അവളുടെ പദധ്വനി, അവളുടെ രൂപം, അവളുടെ സ്വരം, അവളുടെ സ്പര്‍ശനം, അവളുടെ സ്വാദ് എല്ലാം അദ്ദേഹം പ്രത്യക്ഷമായി മനസ്സിലാക്കും. (p.324)
മൃതിയെ കാമിനിയായിക്കാണുന്ന (പുരുഷന്മാരുടെ) ഒരു കാവ്യരീതി മലയാളിക്ക് അറിയാത്തതല്ല. 'മൃത്യു പൂജ ' എന്ന അയ്യപ്പപ്പണിക്കരുടെ പ്രശസ്ത കവിത ഓര്‍ക്കുക. ആരോഗ്യ നികേതനത്തിലെയും മൃത്യുപൂജ യിലെയും കാത്തുനില്പു രംഗങ്ങള്‍ തമ്മില്‍ മാറിപ്പോകുന്നത്രയുമുണ്ട് സാദൃശ്യം: അവളുടെ സ്വരം ('ചൊരിഞ്ഞിടുക നിന് ചടുല ചാടൂക്തി ചെവികളില്‍' ), അവളുടെ സ്പര്‍ശനം ('പുണര്‍ന്നിടുക നിന് ഭുജ ഭുജംഗ വലയങ്ങളാല്‍') , അവളുടെ സ്വാദ് ('തരിക തളിരധരദല താംബൂല മാധുരി') ഇങ്ങനെ ഓരോന്നായി കാമുകിയെ 'സര്വേന്ദ്രിയങ്ങള് കൊണ്ടും അനുഭവിക്കാന്‍' കാത്തിരിക്കുകയാണ് ഈ രണ്ടു മൃത്യു കാമുകന്മാരും.
പക്ഷെ , ജീവന് മശായുടെ കാമുകി അസ്വതന്ത്രയാണ്. 'കുളിരിലകുന്ന ചെറുതെന്നലേറി' സ്വേഛയാ വരാവുന്നവളല്ല. പ്രജാപതിയെക്കൊണ്ട് തന്നെ അവളുടെ കേള്‍വിയും കാഴ്ചയും മായ്ച്ചു കളയിച്ചിരിക്കുന്നു! അവളെ കാമുകന് കാണാം, അവളുടെ സ്വരം അയാള്‍ക്ക് കേള്‍ക്കാം-അവള്‍ക്കിത് രണ്ടുമാവില്ലെന്കിലും. കാത്തിരിക്കുന്നയാളുടെ ശയ്യയിലേക്ക്, ഒരു പാവക്കുട്ടിയെ എന്നപോലെ അനുചരരാല് കൈ പിടിച്ചു നയിക്കപ്പെടെണ്ടവളാണ് ജീവന്ദത്തയുടെ ഭാവനയിലെ കന്യക.
മഹാഭാരതത്തിന്റെ മൂലരൂപത്തില്‍-കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പരിഭാഷയെയാണ് ആശ്രയിക്കുന്നത്- ഈ ആന്ധ്യവും ബാധിര്യവും കാണാനില്ല. കണ്ണിണ നീണ്ടവളായി, ബ്രഹ്മാവിന്റെ മുഖത്ത് 'നോക്കി' യും, അദ്ദേഹത്തിന്റെ മൊഴികള്‍ 'കേട്ടും' കൊണ്ട് നില്ക്കുന്ന ഒരു കന്യകയാണ് മൃതി അവിടെ. (മൂലത്തിന് പാറാന്തരം ഉണ്ടായിക്കൂടെന്നില്ല. അതെന്തുമാവട്ടെ, മശായ്ക്ക് ബോധ്യമായതായി ക്കാണിച്ചിട്ടുള്ള സങ്കല്പത്തെക്കുറിച്ചാണല്ലോ അന്വേഷണം. )
'വമ്പിച്ച അതൃപ്തി'
ജീവന് മശായുടെ മനസ്സിലെ 'വമ്പിച്ച അതൃപ്തി' യുടെ ഉത്ഭവത്തെയും സ്വഭാവത്തെയും കുറിച്ചുള്ള അന്വേഷണം, വിചിത്രമായ ഈ കന്യാ സങ്കല്പത്തിന്റെ ചില പൊരുളുകളിലേക്ക് നമ്മെ നയിക്കാനിടയുണ്ട്. പന്ത്രണ്ടാമാധ്യായത്തിലെ ഒരു ഉദ്ധരണിയില്‍ നിന്ന് ഈ അന്വേഷണം ആരംഭിക്കാം-അതര്ബൌവിനോടായി മശായ് മനസ്സില്‍ പറയുന്നതാണ് ആദ്യ ഭാഗം:
"ഹൃദയം ഇപ്പോള്‍ ശുഷ്കമായ സമുദ്ര ഗര്‍ഭം പോലെ മണല്‍ നിറഞ്ഞതാണ്. മാണിക്യക്കല്ലുകളും മുത്തുച്ചിപ്പികളും അവിടെ ഉണ്ടായിരിക്കാം. പക്ഷെ എല്ലാറ്റിലും കണ്ണീരിന്റെ ഉപ്പുരസമുണ്ട്. നീ അത് ഒരിക്കലും മനസ്സിലാക്കിയില്ല. മനസ്സിലാക്കാന്‍ ആഗ്രഹിച്ചില്ല. നീയും മഞ്ജരിയും. നിങ്ങള്‍ രണ്ടു പേരും മൃത്യുവാണ്. അമൃത് നിങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചില്ല. .......മന്ജരിയെയും അതര്ബൌവിനെയും മാത്രം എന്തിന് കുറ്റപ്പെടുത്തുന്നു? അദ്ദേഹത്തിന്റെ സ്വന്തം കാര്യമെന്താ? അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടോ? ജീവിതത്തില്‍ എന്നെങ്കിലും അദ്ദേഹം അമൃത് അനുഭവിച്ചിട്ടുണ്ടോ?"
ജീവന് ദത്ത, അമൃത സമമായ ആനന്ദത്തിനടുത്തെത്തുന്ന ഒരു രംഗം നേരത്തെ നാം കാണുന്നുണ്ട്. താന്‍ കൊതിച്ച മന്ജരിയെന്ന പെണ്‍കുട്ടിയുമായുള്ള വിവാഹം നിശ്ച്ചയിച്ച ദിവസത്തെ അദ്ദേഹത്തിന്റെ മനോനില പതിനൊന്നാം അധ്യായത്തില്‍ ഇങ്ങനെ വിവരിക്കുന്നു:
"പ്രത്യാശകളുടെ ആനന്ദം ജീവന് ദത്തയുടെ ഹൃദയം നിറഞ്ഞു തുളുമ്പി.നാലുപാടും വഴിഞോഴുകിയത്പോലെ. അദ്ദേഹത്തിന്റെ കണ്ണില്‍ ലോകം മുഴുവന്‍ ആനന്ദ മയമായി തീര്‍ന്നു. എല്ലായിടത്തും മധു തന്നെ മധു. മധുവാതാ ഋതായതേ!"
വിവരിക്കാന്‍ ബ്ര്ഹദാരന്യകോപനിഷത്തില് നിന്നൊരു വാക്യം കടം കൊള്ളേണ്ടി വരും വിധത്തില്‍ അസാധാരണമായ , ഇതുപോലൊരു ആനന്ദാനുഭവം ഇക്കഥയില്‍ മറ്റെവിടെയും കാണാനാവുന്നില്ല. അമൃത തുല്യമായ ഈ ആനന്ദത്തിനു പിന്നിലെ കഥയെ പിന്തുടര്ന്നാല് , 'അമൃതിന്റെ അഭാവം' ആയ ആ 'അതൃപ്തി' എന്ത് എന്ന് നമുക്കറിയാറാവും.
മറ്റൊരു 'ഇന്ദുലെഖാ കഥ '
മന്ജരിയോടുള്ള ജീവന്റെ മനോഭാവം പുരുഷ കേന്ദ്രീയമായ സമൂഹത്തിലെ വിജയിയായ ഒരു ആണിന്റെ ശരാശരി മനോഭാവമാണ്:
"ശരി.എന്നാല്‍ ഞാനൊന്ന് നോക്കട്ടെ, മഞ്ജരി ആരുടെതാണെന്ന് . പിതൃ വൃക്ഷത്തില്‍ ഇപ്പോള്‍ പൊട്ടി വിരിഞ്ഞിട്ടെയുള്ളൂ മഞ്ജരി. ശേഷിയുള്ളവന് അത് പറിച്ചു മാല കോര്‍ത്ത് കഴുത്തിലിടും. (p.58)
"ധാന്യവും സ്വര്‍ണവും മൃഗങ്ങളും സ്ത്രീകളും" (മഹാഭാരതം)-ഇവയെ ഒരേ കിടയിലുള്ള കാമ്യവസ്തുക്കളായിക്കാണുന്ന പുരാതന പുരുഷന്മാരുടെ വിചാരം തന്നെ ഇവിടെ തുടരുന്നു! "സമ്പദ് മത്സരത്തിലും" "ശക്തി മത്സരത്തിലും" (p.60) ജയിക്കുന്നവനു നേടാനുള്ള ഒരു സമ്മാന ദ്രവ്യമാണ് സ്ത്രീ, ജീവന് ദത്തയുടെ കാഴ്ചയില്‍: തനിക്കു തൃപ്തി നല്കുന്ന വര്‍ണത്തിന്റെയും ഗന്ധത്തിന്റെയും ശബ്ദത്തിന്റെയും സ്പര്‍ശത്തിന്റെയും സമാഹാരമായ ഒരു വസ്തു!
സ്ത്രീയെ 'ജീവിതത്തില്‍ പരിപൂര്‍ണമായി കിട്ടുക' എന്നത്, മാനസ സരസ്സ് ലഭിക്കുന്നതിനു തുല്യമാണെന്ന് മശായ് ചിന്തിക്കുന്നുണ്ട്. നാരി നദിയെപ്പോലെയാണെന്ന കിശോറിന്റെ ഉപമ അദ്ദേഹം ശരി വെക്കുന്നതും കാണാം. ('അവള് ബാഹുബന്ധനത്തിലായാല്, പിടിയിലായാല്‍ , മാനസ സരസ്സായി. ")
"താന്‍ മന്ജരിയെ ജയിക്കുക തന്നെ ചെയ്യും" എന്ന് പ്രതിജ്ഞ ചെയ്യുന്ന പതിനെട്ടുകാരന് കൊതിച്ചത് ഇതാണ്: നദിയെപ്പോലെആര്ത്തലച്ചു ചിരിച്ചൊഴുകുന്ന മഞ്ജരിയെ ബാഹുബന്ധനത്തിലാക്കുക.
മഞ്ജരി യുടെ കാര്യമോ?
"....ശിശു പാOo മുതല്‍ ബോധോദയം വരെ പടിപ്പിച്ചു നിര്‍ത്തി. പിന്നെ രാമായണവും ഭാരതവും വായിച്ചുകൊള്ളാന്‍ പറഞ്ഞു. പക്ഷെ രാമായണവും ഭാരതവും കൊണ്ട് അവള് തൃപ്തിയടഞ്ഞില്ല. വൈഷ്ണവ പദാവലി മുതല്‍ ഭാരത ചന്ദ്രന്റെ ഗ്രന്ഥങ്ങള്‍ വരെ തനിയെ എടുത്തു വായിച്ചു. അതെല്ലാം വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. പിന്നെ ബങ്കിമ ചന്ദ്രന്റെ കൃതികളും കൈയിലെത്തി. (p.51)
ഇപ്പറയുന്നത് 1890 കളിലെക്കാര്യമാണെന്നും ബങ്കിം ചന്ദ്രന്റെ കൃതികള്‍ എന്നാല്‍ സമകാലിക ബൌദ്ധിക ജീവിതത്തിന്റെ വായ്ത്തല എന്നാ ണര്ഥമെന്നും മറക്കരുത്!
സ്വാഭാവികമായും, സെന്റുകുപ്പിയും മാമ്പഴക്കൊട്ടയും വൈക്കോലില്‍ പൊതിഞ്ഞ മീനുമൊക്കെയായി തന്റെയടുത്ത് ചുറ്റിത്തിരിഞ്ഞ ജീവന് ദത്തയെന്ന "കാട്ടുപന്നി" യെ അവള് നന്നായി കുരങ്ങുകളിപ്പിച്ചു.
മഞ്ജരി മനസാ വരിച്ച ഭൂപി ബോസിന്റെ വക ജീവന് ചെരുപ്പ് കൊണ്ടടിയും,തിരിച്ചു ഭൂപിയുടെ മൂക്കിടിച്ചു പരത്തിയ ശേഷമുള്ള തന്റെ തിരിഞ്ഞോട്ടവും - അവിടെ അവസാനിച്ചു പോകുന്നതിനു പകരം, വ്യാമോഹം പിന്നെയും തുടര്‍ന്നു. വിവഹാഭ്യര്‍ഥനയുമായി മഞ്ജരി യുടെ പിതാവിന്റെ കത്ത് വന്നു. ജീവന്റെ അഛന് വിവാഹം ഉടനെ തീരുമാനിക്കുകയും ചെയ്തു. മഞ്ജരി, ഒടുക്കം തന്റെ പിടിയിലായി എന്ന് തന്നെ ജീവന് ദത്ത വിശ്വസിച്ചു. ഈ നിമിഷങ്ങളാണ് , നേരത്തെ ഉദ്ധരിച്ച ആനന്ദാനുഭവത്തിന്റെ സന്ദര്‍ഭം.
"വേദനയില്‍ നിന്ന് മുക്തിയും ഉത്താപത്തില് നിന്ന് ശാന്തിയും പുരാതന ജന്മത്തില് നിന്ന് നവ ജന്മാന്തരവും പ്രദാനം ചെയ്യുന്ന " (p.68) കന്യാമൂര്ത്തിയുടെ കഥ ജീവന് ദത്ത ആദ്യമായി കേള്‍ക്കുന്നത് ഇതേ ദിവസമാണ്. "പ്രത്യാശകളുടെ ആനന്ദം ഹൃദയം നിറഞ്ഞു തുളുമ്പിയ" അതേ അവസരത്തില്‍ തന്നെയാണ് ജീവന്റെ മനസ്സില്‍ ഈ കന്യകയുടെ കുടിവെയ്പും നടന്നത് എന്നത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
ഇന്ദുലേഖാ കഥ അവസാനിച്ചില്ല !
ബങ്കിം ചന്ദ്രന്റെ പുസ്തകങ്ങള്‍ അവള്ക്കെത്തിക്കാറുള്ള സഹോദരന്റെയും, തന്റെ അമ്മയുടെയും ഒത്താശയോടെ, മഞ്ജരി ഭൂപി ബോസിനോടൊപ്പം പോയി. കുടുംബത്തിന്റെ അഭിമാനം നില നിര്‍ത്താന്‍, നേരത്തെ നിശ്ചയിച്ച ദിവസത്തില്‍ തന്നെ ജീവന് മറ്റൊരു കല്യാണം നടത്താന്‍ തീരുമാനവുമായി.
"ജീവനെ സംബന്ധിച്ചിടത്തോളം ആ ആഘാതം മര്‍മ ഭേദകമായിരുന്നു. എങ്കിലും അവന് തളര്‍ന്നു വീണില്ല. ദേഷ്യവും പ്രതികാരബുദ്ധിയും മൂലം വിവാഹത്തിന് വേണ്ടി കൂടുതല്‍ ഉത്സാഹ വാനാവുകയും ചെയ്തു. " (p.95)
കൃഷ്ണഭാമിനി
"സൌന്ദര്യവും ആരോഗ്യവുമുള്ള സാധുപ്പെണ്കുട്ടികള്" ക്കായി നാടിളക്കി നടത്തിയ തിരച്ചിലില്‍ കണ്ടുകിട്ടിയത് കൃഷ്ണഭാമിനിയെ. (അത്തര്‍ ബൊ) കുട്ടിക്കാലത്ത് തന്നെ അനാഥയായവള്‍. "ബാല്യം മുതല്ക്കേ അവള് തലയിട്ടടിച്ചു ശാസനകളെ എതിര്‍ക്കും. ശാസന കറിനമാകുന്തോറും അധികമധികം തലയിട്ടടിക്കും. അധികമധികം ഉച്ചത്തില്‍ നിലവിളിക്കും. പിന്നീട്, കുട്ടിക്കാലം കഴിഞ്ഞത് മുതല്‍ അവള് ഉദയം മുതല്‍ അസ്തമയം വരെ അമ്മാവന്റെ വീട്ടില്‍ അതികറിനമായി വേല ചെയ്തു. ഒരൊറ്റ ദിവസം പോലും വിശ്രമിച്ചില്ല. പക്ഷെ, അപ്പോഴും വഴക്കാളിത്തത്തിനു അവസാനം ഉണ്ടായില്ല. ...ഇത്തരമൊരു പെണ്‍കുട്ടി യുടെ ഹൃദയത്തില്‍ നിന്ന് പുഷ്പശയ്യാനാള് തന്നെ തീ ജ്വാല യല്ലെങ്കില്‍ തീയിന്റെ ചൂടെങ്കിലും പുറത്തു വന്നില്ലെങ്കിലല്ലേ വിസ്മയിക്കേണ്ടത്?" (p.110,111)
അത് തന്നെ ഉണ്ടായി:
"പുഷ്പശയ്യാ നാള് രാത്രി ജീവന് ഭാര്യയെ നെഞ്ചോടടുപ്പിച്ചു. പക്ഷെ അവള് കറിനസ്വരത്തില് പറഞ്ഞു; "ഉം, വിടൂ"
എന്താ? എന്ത് പറ്റി? "
"ഒന്നും പറ്റിയിട്ടല്ല. എനിക്ക് ഇഷ്ടമല്ല. "
"ഇഷ്ടമല്ല-!"
"അല്ല. വിടൂ.ദൈവത്തെ ഓര്‍ത്തു എന്നെ വിടൂ."
"എന്ത് പറ്റിയെന്നു പറയൂ, കേള്‍ക്കട്ടെ."
"ഒന്നും പറ്റിയില്ല. നിങ്ങള്‍ ദയ തോന്നി എന്നെ കല്യാണം കഴിച്ചു. എന്നെ രക്ഷിച്ചു. ദാസിയായിട്ടു ഞാന്‍ ഇവിടെ വന്നു. ദാസിയായിട്ടു തന്നെ ജോലി ചെയ്തുകൊള്ളാം. വല്ലതും തിന്നു കഴിഞ്ഞോളാം. സ്നേഹവും ആദരവും എനിക്കുള്ളതല്ല. എന്നെ വിടൂ."
അതു തന്നെ ഇന്നും തുടരുന്നു. " (p.100)
ഇവിടം തൊട്ടാണ്, ജീവന് ദത്ത യുടെ മനസ്സില്‍ നാമന്വേഷിച്ചു വന്ന "വമ്പിച്ച അതൃപ്തി" സ്ഥിര താമസമാക്കുന്നത്. തിരസ്കൃതമായ രതിയുടെ സര്‍പ്പ ദംശനത്തിന് ശേഷം, ജീവന്റെ രാപ്പകലുകള്‍ എങ്ങിനെയായെന്നു നോക്കുക:
"...തന്റെ ശരീരത്തെ അവഗണിച്ചതിനും അതിരില്ല. പകല്‍ മുഴുവന്‍ ഒന്നും കഴിക്കാതെ ചുറ്റിത്തിരിയും. ആര് വിളിച്ചാലും വിളിച്ചില്ലെങ്കിലും കറങ്ങി നടക്കും. ..രാത്രി മുഴുവന്‍ ചതുരംഗം കളിക്കാന്‍ ആരംഭിച്ചത് അപ്പോഴാണ് . പിന്നെ പാട്ടും മേളവും. " (p.228)
"അന്തര്ദ്ദാഹത്താല് മനസ്സ് അധികമധികം നീറി" ക്കൊണ്ടിരുന്നതിന്റെ കാരണം വ്യക്തം.
പരമ്പരാഗത സ്ത്രീ ലിംഗ റോളു' കളെ സ്വയം അംഗീകരിക്കാനാവാത്ത രണ്ടു സ്ത്രീകളെയാണ് പൂര്‍ണമായും പിതാവിന്റെ പുത്രനായിരുന്നിട്ടുള്ള ജീവന് ദത്തക്ക് 'നിര് ഭാഗ്യവശാല്‍' നേരിടേണ്ടി വന്നത്. ഒരാള്‍, തന്റെ വായനയിലൂടെ പുതുബോധം നേടിയവള്‍. മറ്റെയാള്‍, പാരമ്പര്യ ശാസനകളെ വെറുക്കാന്‍ മാത്രം പ്രേരിപ്പിക്കുന്ന ക്രൂരദാരിദ്ര്യത്താല് ശിക്ഷിത.തന്റെ ജീവിതത്തിലുടനീളം, തടം തല്ലിയൊഴുകുന്ന പുഴകളെപ്പോലെയുള്ള ഇത്തരം സ്ത്രീകളെ അസ്വസ്ഥതയോടെയാണ് മശായ് നേരിടുന്നതെന്നു കാണാം. 'നാശ കാരിണി', 'വഞ്ചകി' 'സര്വനാശിനി' എന്നൊക്കെയാണ് മന്ജരിയെ തന്റെ എഴുപതിനോടടുത്ത പ്രായത്തിലും അദ്ദേഹം വിശേഷിപ്പിക്കുന്നത്.
മശായുടെ മനസ്സ്, "ആശ്വിന മാസത്തിലെ പൂര്‍ണിമ നാളത്തെ നിര്‍മേഘമായ ആകാശം പോലെ തിളങ്ങു'ന്നത് (p.363), സാവിത്രീ വ്രതത്താല്‍ ക്ഷീണിതയായ അഭയ എന്ന വിധവയെ കാണുമ്പോഴാണ് എന്നത് ശ്രദ്ധിക്കുക. ജീവന് മശായുടെ വാക്കുകളില്‍ "പരിശുദ്ധ ജീവിതം നയിക്കുന്നവളാണ്" (p.320) അഭയ.- " ഈ അത്ഭുത നാട്ടിലെ അത്ഭുത വനിത. ആദിമ കാലം മുതല്ക്കേ വൈധവ്യം പാലിച്ചു പോന്നിട്ടുള്ള, ശാരീരികാനന്ദത്തേക്കാള് വലുത് പ്രേമമാണെന്ന് കരുതിപ്പോന്നിട്ടുള്ള വര്‍ഗ്ഗത്തില്‍ പെട്ടതാണ് ഈ പെണ്ണ്." (p.227)
സ്വയമറിയാത്ത തടവ്
പുരുഷ കേന്ദ്രീയ സങ്കല്‍പ്പങ്ങളുടെ ഇരയും തടവുകാരനുമാണ് ഇവിടെ ജീവന് ദത്ത. അജരാജാവിന്റെയും ഇന്ദുമതിയുടെയും (p.96) എന്നത് പോലുള്ള രതിയുടെ അമൃത ലോകത്തുനിന്ന് താന്‍ തിരസ്കൃതനായതിന്റെ കാരണം അദ്ദേഹത്തിന് പിടി കിട്ടുന്നില്ല. ധനം, ധാന്യം തുടങ്ങിയ മറ്റു കാമ്യ വസ്തുക്കള്‍ക്കൊപ്പം സ്ത്രീക്കും മാന്ത്രികവും അജ്നേയവുമായ മാനങ്ങള്‍ കല്പിച്ചു നല്കുന്ന പരമ്പരാഗതമായ ചിന്താശീലങ്ങളില്‍ നിന്ന് ഒരു കാലത്തും അദ്ദേഹത്തിന് രക്ഷപ്പെടാനുമാവുന്നില്ല:
"നാരിയും പ്രകൃതിയും സത്യത്തില്‍ ഒന്നു തന്നെയാണ്. രണ്ടു ദിവസം കഴിഞ്ഞാല്‍ നെഞ്ചില്‍ ചവുട്ടി സ്വന്തം വഴിക്ക് പോകും. ചിലപ്പോള്‍ സ്വന്തം കഴുത്തറത്തു രക്തസ്നാനം ചെയ്യും. ചിലപ്പോള്‍ ഭര്‍താവിനെ വിഴുങ്ങി ധൂമാവതിയായി അഭിനയിക്കും, മറ്റു ചിലപ്പോള്‍ സ്വന്തം പിതാവ് ഭര്‍താവിനെ നിന്ദിക്കുന്നത് കേട്ട് ദേഹത്യാഗം ചെയ്യും. അപൂര്‍വമായി പുരുഷന്റെ പ്രേമത്തിന് പരിപൂര്‍ണ തൃപ്തി നേടി ശാന്തവും അചന്ചലവുമായി നിന്നുകൊടുക്കും. ഇങ്ങനെ കിട്ടാന്‍ ഭാഗ്യവാന്മാര്ക്ക് മറ്റൊന്നുമാവശ്യമില്ല. പ്രതിഷ്ടയും പ്രശംസയും സാമ്രാജ്യവും മുക്തി പോലും വേണ്ട. ഇതിലും വലുതായി ഒന്നും കിട്ടാനില്ല. ഇത് ആര്‍ക്കും കിട്ടുകയില്ല. ...കാര്യം സത്യമാണ്. തെറ്റല്ല. ജീവന് മശായ് മനസ്സില്‍ വീണ്ടും വീണ്ടും പറഞ്ഞു" (p.351)
തന്റെ വാര്‍ധക്യ കാലത്ത്, ഇങ്ങനെയൊരു'ഭാഗ്യവാനെ' ജീവന് മശായ് നേരില്ക്കാണ്ഉന്നുണ്ട് -പ്രദ്യോതിനെ:
"പരമാനന്ദമാധവാ! പരമാനന്ദമാധവാ!പരമാനന്ദ-! വരി പൂര്‍ത്തിയാക്കാതെ ഡോക്ടര്‍ ചിരിച്ചു. ഒപ്പം നെടുവീര്‍പ്പിടുകയും ചെയ്തു. ലോകത്തിലെ ശ്രേഷ്ഠരായ സംതൃപ്തരില് ഒരാളാണ് ഇയാള്‍. ആ പെണ്ണിനെ അയാള്‍ക്ക് ജീവിതത്തില്‍ പരിപൂര്‍ണമായി കിട്ടിയിരിക്കുന്നു. അയാളും അവളും കൂടി മാനസസരസ്സ് സൃഷ്ടിച്ചിരിക്കുന്നു. "
തന്റെ പഴയ ഇന്ദുലേഖ താനൊറ്റക്ക് വളര്‍ത്തിയെടുത്ത പേരക്കുട്ടിയുടെ ഏക മകളാണ് 'ആ പെണ്ണ്' എന്നത് അപ്പോള്‍ മശായ് മനസ്സിലാക്കുന്നില്ല. എന്ത് മാന്ത്രിക വിദ്യയാലാണ് പ്രദ്യോത് അവളെ 'സ്വാധീന'ത്തിലാക്കിയിരിക്കുന്നതെന്നും അദ്ദേഹത്തിന് മനസ്സിലാകുന്നുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ, ജയിക്കലിനും സ്വന്തം അധീനത്തിലാക്കലിനും അപ്പുറത്ത്, പങ്കിടല്‍, പരസ്പര ബഹുമാനം തുടങ്ങിയ ചില ഘടകങ്ങള്‍ സ്ത്രീ പുരുഷ ബന്ധങ്ങളില്‍ അംഗീകരിക്കപ്പെട്ടു വരുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍, പ്രദ്യോത് - മഞ്ജു ബന്ധത്തിന്റെ ചില ദൃശ്യങ്ങളിലൂ ടെ നമുക്ക് കാണാനാവും. കഥാകാരന്റെ വിവരണം, (p.185) , ചാരു ഡോക്ടറും ഹരന് ഡോക്ടരുമായുള്ള സംഭാഷണം, (p.254) ഇവ ഉദാഹരണങ്ങള്‍.
രണ്ടു നിഗമനങ്ങള്‍ ചുരുക്കിപ്പറയാം:
1-തിരസ്കൃതമായ രതിയാണ് ജീവന് മശായുടെ മനസ്സിലെ 'വമ്പിച്ച അതൃപ്തി' യുടെ മൂല കാരണം .
2- സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് , പുരുഷ കേന്ദ്രീയമായ പുരാതന ധാരണകളാണ് ജീവന് മശായ് പുലര്‍ത്തുന്നത്.
സായംകാല നിഴലുകള്‍
ജീവന് മശായ് , സ്വയം മറക്കുവോളം മുഴുകിക്കഴിയുന്ന ആ വിചിത്രമായ കന്യാസങ്കല്പത്തെ കുറച്ചുകൂടി അടുത്തുകാണാന്‍ ഇനി നമുക്കായേക്കും.
രതിയും മൃതിയും സന്ധിക്കുന്ന വിശ്വപ്രസിദ്ധമായൊരു കഥയുണ്ട്. ആരോഗ്യനികേതനം പ്രസിദ്ധീകരിച്ചു എട്ടു വര്‍ഷത്തിനു ശേഷം വന്ന യസുനാരി കവാബത്തയുടെ 'സഹശയനം'. 1968 ല്‍ നൊബേല്‍ സമ്മാനിതനായ കവാബത്ത തന്റെ അറുപത്തിരണ്ടാം വയസ്സിലാണ് ഈ കഥ എഴുതിയത്.
ഒരു ശയ്യാഗൃഹമാണ് 'സഹശയന' ത്തിന്റെ പശ്ചാത്തലം. അതിശക്തമായ മയക്കുമരുന്ന് നല്കി, "കണ്ടാല്‍ ജീവനുണ്ടെന്നു തോന്നും" എന്ന് പറഞ്ഞു പോകുന്നിടത്തോളം ബോധരഹിതരാക്കിയ കന്യകകളുണ്ട് അവിടെ. "ദയനീയമാംവണ്ണം വയസ്സരായ " അതിഥികള്‍ മാത്രമാണ് അവിടെ സ്വീകരിക്കപ്പെടുന്നത്. അതിഥികളെ സംബന്ധിച്ചിടത്തോളം, "അന്ധകൂപത്തിന്റെ അടിത്തട്ടിലെ അത്ഭുതവെട്ടമാണ്" പാവക്കുട്ടികളെപ്പോലെ കിടക്കുന്ന ഈ കന്യകമാര്‍. സഹശയനത്തിനൊരുക്കപ്പെട്ട പെണ്കിടാങ്ങള് കാഴ്ചയും കേള്‍വിയും സ്വബോധം തന്നെയും മായ്ക്കപ്പെട്ടവരാകയാല് "തങ്ങളുടെ വാര്ധക്യമോര്ത്തു ലജ്ജിക്കേണ്ടി വരുന്നില്ല " , അതിഥികള്‍ക്ക്. കന്യകകളുടെ വര്‍ണവും ഗന്ധവും സ്പര്‍ശവുമൊക്കെ തടസ്സമില്ലാതെ അവര്‍ക്ക് ആസ്വദിക്കാം.
"വൃദ്ധന്മാരിലാരെങ്കിലും കൂടെക്കിടക്കുന്നവളെ മുറുകെ കെട്ടിപ്പുണരുകയൊ തന്നത്താന്‍ കണ്ണീരൊഴുക്കുകയോ തേങ്ങിക്കരയുകയോ തന്നെ ചെയ്താലും നഗ്നയായ ആ യുവതി ഒന്നുമറിയില്ല. അയാള്‍ക്ക് ലജ്ജയോ അഭിമാനക്ഷതമോ തോന്നേണ്ട കാര്യമില്ല. പശ്ചാത്താപവും ശോകവും ഇഷ്ടം പോലെ പ്രകടിപ്പിക്കാം. ഒരു പക്ഷെ ഈ സുഷുപ്ത സുന്ദരി തന്നെ ഒരു നിലക്ക് ബുദ്ധനായിക്കൂടെ?" എന്ന് കഥ പറയുന്ന എഗുച്ചി എന്ന കഥാപാത്രം ചിന്തിക്കുന്നു. -അങ്ങനെ കിടന്നു മരിച്ചു പോവുക എന്നത് ഒരു വൃദ്ധന്റെ 'പരമമായ ആഗ്രഹം' തന്നെയാവാം എന്നും.
മൃത്യുവിന്റെ അയല്പക്കത്ത് താമസക്കാരായിക്കഴിഞ്ഞ (കവാബത്തയുടെ പ്രയോഗം) വൃദ്ധന്മാരുടെ മനസ്സുകളിലെ രതിയും മൃതിയും കുഴയുന്ന ഭാവനകളെ കവാബത്ത ചിത്രീകരിച്ചത് ലോകശ്രദ്ധ നേടിയിട്ടുണ്ട്. 'സഹശയന'ത്തില്‍ എന്നത് പോലെ, ഏങ്കോണിച്ച നിഴലുകളും നേര്‍ത്തു പോയ വെളിച്ചവും ഇടകലരുന്ന പുരുഷ ലൈംഗികതയുടെ അസ്തമയ നിമിഷങ്ങള്‍, അനേകഅടരുകളുള്ള ആരോഗ്യനികേതന കഥയിലും ഒരു ഇടം നേടുകയാണ് ഈയൊരു കന്യാചിത്രത്തിലൂടെ , എന്ന് കരുതിക്കൂടെ?
കുറിപ്പുകള്‍:
1-എല്ലാ പേജ് നമ്പരും ഡി. സി .ബുക്സ് എഡിഷന് നവംബര്‍ 2000 ലേതാണ്.
2- അക്ഷരപ്പിശകുകള്‍ ഒട്ടുമിക്കതും അറിയാതെ പറ്റിയതല്ല. ചില മലയാള അക്ഷരങ്ങള്‍ എങ്ങിനെ ടൈപ്പു ചെയ്യണമെന്നു ഒരു പിടിയും കിട്ടുന്നില്ല!

1 comment:
യുക്തിവിചാരം
1
2
3
4
5
6
Post a Comment