Saturday, September 5, 2009

'ആരോഗ്യനികേതന' ത്തിലെ മൃത്യുസങ്കൽപം

"......സ്വയം സംസാരിക്കുന്ന വലിയ നിഴല്‍പ്പാടില്‍നിന്നും ഉയരുന്ന വലിയ ചോദ്യങ്ങളാണ് അരോഗ്യനികേതനം വായിച്ചുതീരുമ്പോള്‍ നമ്മുടെ കാതുകളില്‍ മുഴങ്ങുന്നത്."എന്താണ് മൃത്യു?"എന്ന ചോദ്യം അധ്രൃഷ്യ ഗംഭീരമായ ഒരു മുഴക്കത്തോടെ അതില്‍നിന്നും പുറപ്പെടുന്നു."
പി. കെ. ബാലകൃഷ്ണന്‍ നോവല്‍:സിദ്ധിയും സാധനയും



"ഇന്ത്യന്‍ഭാഷകളിലെ ഏറവും നല്ല നോവല്‍" എന്ന് കീര്‍ത്തികേട്ട 'അരോഗ്യനികേതനം' പ്രസിദ്ധീകരിച്ച് (1953 മാര്‍ച്ച്‌ ) അറുപതു കൊല്ലത്തോളമാകുന്നു.കേരളത്തില്‍, പല മലയാളകൃതികളേയും അതിശയിപ്പിക്കുന്ന പ്രചാരം ഈ നോവലിന് കിട്ടിയിട്ടുണ്ട് . 1965 ല്‍,അയ്യപ്പപ്പണിക്കരുടെ ആമുഖത്തോടെ പുറത്തുവന്ന 'നോവല്‍-സിദ്ധിയും സാധനയും' എന്ന പി.കെ ബാലകൃഷ്ണന്റെ ഗ്രന്ഥത്തിലെ പ്രശസ്തമായ നിരു‌പണം മുതല്‍ ,2001 ല്‍ വന്ന 'ജീവന്‍ മശായ്'എന്ന ചലച്ചിത്ര രൂപം വരെ; "അസാധ്യമെന്ന് സാമാന്യക്കാരന് തോന്നുന്നത് സാധ്യമാക്കിക്കാണിച്ച " ഈ ഗ്രന്ഥത്തെ പലപാട് കൊണ്ടാടിയിട്ടുണ്ട്‌ ,മലയാളമനസ്സുകള്‍ .
ഇതെഴുതുന്നയാള്‍ ഒരു ചികിത്സകനാണ്.പലകാലത്തായി ,'ആരോഗ്യനികേതനം ' പലയാവര്‍ത്തി വായിച്ചപ്പോഴൊക്കെ , വിവിധ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അത് ലേഖകനെ പ്രേരിപ്പിച്ചിട്ടുണ്ട്. മൃത്യുവിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, ചികിത്സാശാസ്ത്രജ്ഞാനത്തില്‍ 'വ്യത്യസ്തമാര്‍ഗ'ങ്ങള്‍ക്കുള്ള സാധ്യത,ശാസ്ത്രത്തോടും ശാസിതത്തോടുമുള്ള ഭാരതീയബുദ്ധിജീവികളുടെ സമീപനം,നാഡീവിജ്ഞാനവും ആയുര്‍വേദവും തമ്മിലുള്ള ബന്ധവും ബന്ധമില്ലായ്മയും ; ഇങ്ങനെ പല വിഷയങ്ങള്‍. ഇക്കൂട്ടത്തില്‍ മൃത്യുസങ്കല്‍പത്തെപ്പറ്റി കുറച്ചു വിശദമായി എഴുതാനാണ് ലേഖനത്തില്‍ ശ്രമിക്കുന്നത്. ഒരു ചികിത്സകന്റെ ചിന്തകള്‍ എന്നതിന്റെ വലിയ പരിമിതികളും, ഏതാനും ചില സാധ്യതകളും ഇതില്‍ കാണുമെന്നു തീര്‍ച്ച.
മൃത്യു സങ്കല്പത്തിന്റെ അടിത്തറ

"
തവള അദ്ദേഹത്തിന്റെ കാലിനടിയില്‍ പെട്ട് ചതഞ്ഞു പോയി. വിചിത്രം തന്നെ. അദ്ദേഹം തന്നെ ഈ നിമിഷം മൃത്യുവിന്റെ ദൂതനായി. മൃത്യു എവിടെയാണ് ഇല്ലാത്തത്? എന്തിലാണില്ലാത്തത്? " (p. 315)
തല ചതഞ്ഞ തവള , ജീവശാസ്ത്രത്തിലെ ഒരു അടിസ്ഥാന പറനോപാധിയാണ്. മരിച്ച തവളയുടെ മിടിപ്പ് തുടരുന്ന ഹൃദയം,ജീവ ശാസ്ത്ര വിദ്യാര്‍ഥിയെ മരണമെന്നതിന്റെ നൂതനമായ ഒരു അര്‍ത്ഥത്തിലേക്കാണ് ക്ഷണിക്കുന്നത്.

മരണത്തെക്കുറിച്ചുള്ള പുരാതനമായൊരു ധാരണയാണ് ജീവന്‍ മശായുടെ മൃത്യു ചിന്തയുടെഅസ്ഥിവാരം. മരണമെന്നാല്‍ ആത്മാവിന്റെ പ്രയാണമാണ് എന്നതാണ് ധാരണ. മരണത്തെ ഇവിടെ ഒരു സംഭവം (event) ആയാണ് മനസ്സിലാക്കുന്നത്: ജഡവസ്തുവായ ശരീരത്തിന്റെയുംആത്മാവ്‌ (പുരുഷന്‍, ക്ഷേത്രജ്നന്‍) എന്ന ഒരു അഭൌതിക സത്തയുടെയും കിറുകൃത്യമായ വേര്‍തിരിവ് മുഹൂര്‍ത്തത്തില്‍ സംഭവിക്കുന്നു.
സത്യവാന്റെ മരണം മഹാഭാരതം വിവരിക്കുന്നത് നോക്കുക:
"സത്യവാന്‍ തന്‍ മെയ്യില്‍ നിന്ന് കയറിട്ടു വരിഞ്ഞുടന്‍
അന്ഗുഷ്ടാംഗന്‍ പുരുഷനെ യാകര്‍ഷിച്ചൂ യമന്‍ ബലാല്‍.
ഉടന്‍ ജീവന്‍ പോയി വീര്‍പ്പു നിന്നു ശോഭ നശിച്ചഹോ
നിശ് ചേഷ്ടമായശ്ശരീരം സങ്കടക്കാഴ്ചയായിതേ"
(കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പരിഭാഷ )

ശ്വാസോഛ്വാസം , ഇമവെട്ടല്‍ , സ്വപ്നത്തിലുള്ള ദേശാന്തരഗമനം, ഒരു കണ്ണില്‍ കണ്ടതിനെ മറ്റേകണ്ണിലും അറിയുക, ആഗ്രഹങ്ങള്‍, സന്തോഷം, വെറുപ്പ്‌, സ്വബോധം, ബുദ്ധി, ഓര്‍മ , ഇവയെല്ലാംജീവനുള്ള മനുഷ്യന്റെ ലക്ഷണങ്ങളാണ്. ഇവയൊന്നും മൃത ശരീരത്തില്‍ ദൃശ്യമല്ല. അതിനാല്‍ ലക്ഷണങ്ങള്‍ ആത്മാവിന്റെതാണ് എന്ന് കരുതാം. ആത്മാവ്‌ വിട്ടുപോകുമ്പോള്‍ ശരീരം ആള്‍താമസമില്ലാത്ത വീട് പോലെ ചൈതന്യ രഹിത മാവുന്നു. പഞ്ച ഭൂതങ്ങള്‍ മാത്രം ബാക്കി യാവുന്നു: ഇതാണ് ചരകസംഹിത യുടെ നിരീക്ഷണവും നിഗമനവും.
ഇതേ നിരീക്ഷണത്തെ തന്നെ ആത്മാവിന്റെ അസ്തിത്വത്തിനു ഉപോദ്‌ ബലകമായ ഒരു വാദമായി ശങ്കരാചാര്യരും ഉപയോഗിച്ച് കാണാം, ബ്രഹ്മസൂത്ര ഭാഷ്യത്തില്‍.
("വ്യതിരേകസ്തദ്ഭാവാ ഭാവിത്വാന്നതൂപലബ്ധിവത്" എന്ന സൂക്തം : "അത് അങ്ങിനെയല്ല.(ശരീരവും ആത്മാവും തമ്മില്‍ ) വ്യത്യാസമുണ്ട്. കാരണം, (മൃതാവസ്ഥയില്‍ ) ശരീരം നിലനില്‍ക്കുമ്പോഴും, വ്യക്തിബോധം, ഗ്രഹണശേഷി എന്നിവ ഇല്ലാതെ ഇരിക്കുന്നുവല്ലോ " )
പുരാതന സാഹിത്യത്തിലും, വൈദ്യത്തിലും തത്വചിന്ത യിലുംഎല്ലാം അംഗീകരിക്കപ്പെട്ട ഇതേ ധാരണകള്‍ തന്നെയാണ്, ഈഷല്‍ ഭേദമില്ലാതെ ആരോഗ്യ നികേതനത്തിലും നാം കാണുന്നത് .



'ദേഹം മുഷിഞ്ഞ വസ്ത്രങ്ങളെയെന്ന പോലെ , ദേഹി ജീര്‍ണിച്ച ദേഹത്തെ ഉപേക്ഷിക്കുന്നു ' (p.162) 'ദേഹ പന്ജരം വെടിഞ്ഞു പ്രാണവിഹംഗം പറന്നു പോകുന്നു' (p.120) 'ജയില്‍ മുറി ഉപേക്ഷിച്ചുതടവുകാരന്‍ യാത്രയാകുന്നു' (p.242) ഇങ്ങനെയുള്ള ബിംബങ്ങളാണ്‌ മരണത്തിന്റെ സൂചകങ്ങളായി ആരോഗ്യനികേതനത്തിലും കാണുക.

നൊടിയിടക്കുള്ളില്‍, ജഡം മാത്രം നിലത്തു ബാക്കിയാക്കിക്കൊണ്ട് വെരോരിടത്തേക്കുള്ള ഒരു 'പോക്ക്' ആയാണ് ഇവിടെയൊക്കെ മരണം വിവരിക്കപ്പെടുന്നത്. ('പോവുക' എന്ന പദം മരണത്തിന്റെപര്യായമായി പരക്കെ ഉപയോഗിച്ച് കാണാം, ആരോഗ്യ നികേതനത്തില്‍. ഒഴുക്കനായൊന്നെണ്ണിനോക്കിയപ്പോള്‍ അമ്പതു തവണ ആവര്‍ത്തിച്ചതായി കണ്ടു!)

നാട്ടു വിശ്വാസങ്ങള്‍, വേദങ്ങള്‍, ഉപനിഷത്തുകള്‍,പുരാണേതിഹാസങ്ങള്‍, ഇവയിലൊക്കെ സ്ഥാനമുള്ള അടിസ്ഥാനധാരണയുടെ ഉപരി നിര്‍മിതികളായി മറ്റനവധി സങ്കല്പങ്ങളും നിലനിന്നുപോരുന്നുണ്ട്. ഈവിധ അധിക സങ്കല്‍പ്പങ്ങള്‍, ഓരോരോ പാരമ്പര്യത്തിലും കുറെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നതായിക്കാണാം .ഒരു വ്യക്തിയുടെ വിശ്വാസ ലോകമെന്നത് - ജീവന്‍ മശായുടെ കാര്യത്തിലെന്നതു പോലെ -വിവിധ പാരമ്പര്യങ്ങളുടെ മിശ്രണമാകുകയെന്നതും തീര്‍ത്തും സാധാരണം. ഉപരിസന്കല്പങ്ങളെക്കുറിച്ചാണ് ഇനി പറയാനുള്ളത്.
ധ്രുവമായ മൃത്യു.

മരണസംബന്ധിയായി ഹിന്ദുക്കള്‍ക്കിടയില്‍ പൊതുവേ പുലര്‍ന്നു പോരുന്ന ഒട്ടേറെ സമകാലികവിശ്വാസങ്ങള്‍ ജീവന്‍ മശായ് എന്ന കഥാപാത്രം പങ്കിടുന്നുണ്ട്‌. ഉദാഹരണത്തിന്, ഓരോ മനുഷ്യന്റെയും ജീവിതകാലം (ആയുസ്സ്) പൂര്‍വ നിശ്ചിതമാണെന്ന ബഹുജന സമ്മതിയുള്ള വിചാരത്തിന്റെ കാര്യമെടുക്കുക. "മനുഷ്യന്റെ ജീവിതത്തില്‍ മൃത്യു സ്ഥിരമാണ്. ജനന മുഹൂര്‍ത്തം മുതല്‍ഓരോ നിമിഷവും അവന്‍ അതിന്റെ നേരെ നീങ്ങുന്നു-മൃത്യു സ്ഥിരമായിതന്നെ നില്‍ക്കുന്നു. " (p.195) തുടങ്ങിയ വാക്യങ്ങളിലൂടെ , ഈയൊരു ആശയം ആരോഗ്യനികേതനത്തില്‍ പ്രത്യക്ഷപ്പെടുന്നു.
പൂര്‍വ നിശ്ചിതമായ ആയുസ്സെന്ന സങ്കല്‍പം, ജീവന്‍മശായുടെ രോഗ, മൃത്യു സന്കല്പങ്ങളുടെ ഒരുനിയാമക ഘടകം തന്നെയായി വര്‍തിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്:
* ആയുസ്സ് ബാക്കിയുള്ളപ്പോള്‍ മൃത്യുവിനെ പ്രാപിക്കുക സാധ്യമല്ല. (p.71)എന്നാല്‍ കാലംപൂര്‍ണമായവര്‍ക്ക് പോകേണ്ടി വരിക തന്നെ ചെയ്യും.(p.68)
*കാലം രോഗത്തിന് സഹായകരമാല്ലതിടത്തു രോഗത്തെ തടയാനുള്ളതാണ്‌ ചികിത്സാ ശാസ്ത്രത്തിന്റെശക്തി (p.68)
*രോഗികള്‍ക്ക്‌ ചികിത്സയുണ്ട്. -പക്ഷെ കാലത്തിന്റെ ആജ്ഞാനുവര്‍ത്തിയായി വരുന്ന രോഗത്തിനു മരുന്നില്ല
(p.65)
കര്‍മ ഫലം , ശാസ്ത്രത്തിന്റെ പരിമിതി.
ജീവന്‍ ദത്തയുടെ ആയുര്‍ സങ്കല്പത്തില്‍, ധ്രുവമായ മൃത്യു വെന്ന പ്രാചീന കല്പനക്കൊപ്പം ചേര്‍ന്ന്നില്‍ക്കുന്ന മറ്റൊരു സങ്കല്പമാണ് 'കര്‍മ ഫലം.'
"സ്വന്തം പാപ കര്‍മങ്ങള്‍ കൊണ്ട് മനുഷ്യന്‍ ആയുസ്സ് ക്ഷയിപ്പിക്കുന്നു" (p.68). സ്വതേ സ്ഥിരയായ മൃത്യുവിന്, കാമം, മാത്സര്യം തുടങ്ങിയ രിപുക്കളുടെ കയ്യില്‍ ക്ഷണം അയച്ചു അവര്‍ അകാലത്ത്‌ കാലത്തെ
വിളിച്ചു വരുത്തുന്നു. വനവിഹാരിയും, വിപിനനുമൊക്കെ ഇങ്ങനെ സ്വന്തം കര്‍മ ഫലം കൊണ്ട് അകാലമൃത്യു വരിച്ചവരാണ്. കൌമാരത്തില്‍ മരിച്ചു പോയൊരു പെണ്‍കുട്ടിയുടെ കാര്യത്തില്‍, മുജ്ജന്മ കര്‍മഫലം കൊണ്ട് അവള്‍ അല്പായുസ്സായി ജനിച്ചതായെക്കമെന്നു ജഗദ്‌ബന്ധു മശായ്അഭിപ്രായപ്പെടുന്നത് കാണാം.(p.84)
ചികിത്സാ ശാസ്ത്രത്തിന്റെ പരിമിതി തന്നെ ചിലപ്പോഴൊക്കെ മരണത്തിന്റെ കാരണമായെക്കാമെന്നു മശായ്ക്ക് തന്നെ തോന്നുന്ന ചില ഘട്ടങ്ങള്‍ ചിത്രീകരിച്ചിട്ടില്ലെന്നല്ല:
"ശശാങ്കന്‍ മരിച്ചത് രോഗം മൂലമാണ്. അവന്റെ സ്വന്തം കുറ്റം കൊണ്ടല്ല. ...അയാളുടെ മരണ കാരണംമനുഷ്യന്റെ ചികിത്സാ ശാസ്ത്രത്തിന്റെ അപൂര്‍ണതയാണ്. " പില്‍ ക്കാലത്ത്, ആധുനിക വൈദ്യപുരോഗതി , അന്നേ വരെ അസാധ്യമായിരുന്ന രോഗങ്ങളെ ഒന്നൊന്നായി ചികിത്സാ സാധ്യമാക്കുന്നത്അദ്ദേഹം കണ്ടറിഞ്ഞു അംഗീകരിക്കുന്നതായും കാണാം:
"തനിക്കു അലോപ്പതി പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ" എന്ന് അദ്ദേഹം പശ്ചാത്തപിച്ചു. കഴിഞ്ഞെങ്കില്‍ പ്രായത്തിലും ആയുധങ്ങളുമായി രോഗങ്ങളോട് പടവെട്ടാമായിരുന്നു"എന്നിടത്തോ മുണ്ട് അംഗീകാരം" (p.290)

എങ്കിലും, ആയുസ്സൊടുങ്ങുമ്പോള്‍ കാലത്തിന്റെ ആജ്നാവാഹിയായി വരുന്ന മൃത്യുരോഗം എന്ന ഭൌതികേതര സങ്കല്‍പം അവസാനം വരെ മശായ് മുറുകെപ്പിടിക്കുക തന്നെ ചെയ്യുന്നുണ്ട്. വൈദ്യശാസ്ത്രം ഏതളവുവരെ പുരോഗമിച്ചാലും , ചികിത്സകന്റെ മനുഷ്യ സഹജമായ പിഴവുകള്‍ മൃത്യുരോഗത്തിന് നിദാനമായി എക്കാലവും തുടരുമെന്ന് മശായ് ചിന്തിക്കുന്നത് കാണാം. (p.334)
പരലോക സങ്കല്പവും മൃത്യു ഭീതിയും

ദേഹമുപേക്ഷിക്കുന്ന 'ദേഹി'ക്ക് എന്ത് സംഭവിക്കുന്നുവെന്നതിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ , മരണത്തെക്കുറിച്ച് രൂപപ്പെടുന്ന മാനസിക ചിത്രങ്ങളെ സ്വാഭാവികമായും സ്വാധീനിക്കും.
മരണത്തെ സൂര്യാസ്തമയത്തോട്‌ താരതമ്യം ചെയ്യുന്ന ഋഗ്വേദ കല്പന ആരോഗ്യ നികേതനത്തില്‍വരുന്നത് കാണാം. രാത്രിക്ക് ശേഷം പകലെന്നത് പോലെ മരണത്തിനു ശേഷവും ജീവിതംതുടരുന്നുവെന്ന് വേദ കാലത്തെ ആര്യന്മാര്‍ വിശ്വസിച്ചു. ദ്വിജന്, ദേഹവിയോഗം മൂന്നാമത്തെ ജനനമായാണ് കണക്കാക്കപ്പെട്ടത്‌. മരണാനന്തരം , പിതൃക്കള്‍ യമലോകത്ത്‌ സര്‍വ സുഖങ്ങളുമനുഭവിച്ചു അമര്‍ത്യരായി ജീവിക്കുന്നുവെന്ന് വിശ്വസിച്ചു പോന്നു.(ഋഗ്വേദ ത്തിലെ യമന്‍,മഹാഭാരതത്തില്‍ "കൈയില്‍ കയറുമായ് നല്ല കറുപ്പായ് ", ചുവന്ന കണ്ണുകളും ചുവന്നവസ്ത്രവുമായി പ്രത്യക്ഷപ്പെടുന്ന ദേവനല്ല, പരലോകത്ത് ആദ്യമായെത്തിയ രണ്ടു മനുഷ്യരില്‍ ഒരാള്‍മാത്രമാണ്. പില്‍ക്കാല പുരാണങ്ങളിലെ ഭീകരവും ബീഭല്സവുമായ നരക വര്‍ണനകള്‍ ഋഗ്വേദത്തിലില്ല.)
ഒരളവോളം, വേദകാല സങ്ക ല്പങ്ങളോടാണ് ജീവന്‍ മശായുടെ മനസ്സിലെ പരലോക ചിത്രത്തിന് പൊരുത്തമെന്നു തോന്നുന്നു. അടിമുടി വൈഷ്ണവനാണെങ്കിലും, ജീവന്‍ മശായുടെ പരലോകസങ്കല്പത്തില്‍ ഭാഗവതത്തിലെ നരകങ്ങള്‍ കടന്നു വരുന്നതേയില്ല. 'അനാചാരി'കളും 'വ്യഭിചാരി' കളുമായി അനേക കഥാ പാത്രങ്ങളെ കാണാമെങ്കിലും , ആരുടെയെങ്കിലും പരലോക ജീവിതം ദുഃഖമയമായെക്കാമെന്നൊരു സൂചനയില്ല. കാമത്തിനും മദ്യാസക്തിക്കുമടിമയായി; പത്നിക്കും , വംശത്തിനു തന്നെയും രോഗം നല്‍കി, അകാല മൃത്യുവിന്നിരയായ ഭൂപി ബോസ് പോലും മശായുടെദൃഷ്ടിയില്‍, മരണത്തോടെ പാപവിമുക്തനായിരിക്കുന്നു.
മരണാനന്തരവും ജീവിതം തുടരുന്നുവെന്ന അന്ധ വിശ്വാസത്തിന്റെ പ്രയോജനം, അത് (വിശ്വാസികള്‍ക്ക് ) മരണ ഭയം ലഘൂകരിക്കാന്‍ സഹായിക്കുമെന്നുള്ളതാണ്. (കുരുക്ഷേത്രം മുതല്‍ വേള്‍ഡ് ട്രേഡ് സെന്റെര്‍ വരെ, എണ്ണമറ്റ കൊലപാതക മേളകളില്‍ കൊല്ലലും ചാവലും എളുപ്പമാക്കാന്‍ മൂഡ വിശ്വാസംഎത്രകണ്ട് സഹായിച്ചിരിക്കുന്നു! )

മരണമെന്നത്‌, വിചാരണയും, ശിക്ഷയുമില്ലാത്ത, ആനന്ദ മയമായൊരു പുതു ജീവിതത്തിന്റെ തുടക്കംമാത്രമായി കാണാന്‍ കഴിയുമ്പോള്‍ , മൃത്യു സംസാരദുഃഖ ത്തില്‍ നിന്നുള്ള സ്വാഗതാര്‍ഹമായ വിമോചനം തന്നെയായി രൂപാന്തരം നേടുന്നു: "ഭയപ്പെട്ടില്ലെന്കില്‍ കാണാം, മരണമാണ് സത്യത്തിലുള്ള സുഖമെന്ന്. തകര്‍ന്ന, ജര പിടിച്ച ദേഹം- ഇതുകൊണ്ടു എന്ത് ചെയ്യാന്‍? അത് മാറ്റൂ, അത് മാറ്റൂ.." എന്ന് ദാന്തു ഘോഷാലിനെ ജീവന്‍ മശായ് ആശ്വസിപ്പിക്കുന്നത് കാണാം. ജീവിതവും മരണവും , പകലും, രാത്രിയുമെന്നത് പോലെ, ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും കളി മാത്രമായി, പരമാനന്ദ മാധവന്റെ വെറും ലീലയായി, കാണുന്നു, ജീവന്‍ മശായ്. മനുഷ്യ കേന്ദ്രീയവും മായികവുമായ അയഥാര്‍ത്ഥ സങ്കല്പങ്ങളുടെ സൃഷ്ടി യെങ്കിലും, സ്വയം അതില്‍ വിശ്വസിക്കാന്‍ കഴിയുന്നശുദ്ധാത്മാക്കള്‍ക്ക്, പുരാതന ജനി- മൃതി ദര്‍ശനം ആശ്വാസദായകമാണ്: സ്വപുത്രന്റെ മരണത്തെ മുന്നില്‍ക്കാണ്ന്ന സന്ദര്‍ഭത്തില്‍ പോലും, അചന്ചലനായിരിക്കാനും -ഒരവസരത്തില്‍, 'ലീലാദര്‍ശനകൌതുകത്താല്‍' മന്ദഹസിക്കാന്‍ പോലും- അദ്ദേഹത്തിന് സാധിക്കുന്നു!
മൃതി ദേവത
അതി പ്രസിദ്ധി യുള്ളതാണ്, ആരോഗ്യ നികേതനത്തിലെ മൃത്യു ദേവതാ രൂപം. 'മൃതിയും രതിയും' എന്നമറ്റൊരു ദീര്‍ഘ ലേഖനത്തില്‍ വിശദമായി വിഷയം ചര്‍ച്ച ചെയ്യാന്‍ ഉള്ളതിനാല്‍, തല്‍ക്കാലംഅതിലേക്കു കടക്കുന്നില്ല.

മരണം-ഒരു പ്രക്രിയ
മുന്‍പ് പറഞ്ഞതുപോലെ, ജീവന്‍മശായുടെ മൃത്യു ചിന്തയുടെ അസ്ഥിവാരം, മരണത്തെ ആത്മാവിന്റെപ്രയാണമെന്നെന്ണുന്ന ഒരു പുരാതന ധാരണയാണ്. താരതമ്യേന നവീനമായ പ്രകൃതി ശാസ്ത്രം, മരണത്തെ ഇങ്ങനെയൊരു സംഭവം ( event) ആയല്ല, ഒരു പ്രക്രിയ (process) ആയാണ് മനസ്സിലാക്കുന്നത് .
ഒരു ഉദാഹരണത്തിലൂടെ ഇതു വിശദീകരിക്കാം:
'മൃതശരീരം' എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലും, ശരീരം പൂര്‍ണമായും ഒരു ജഡ പദാര്‍ത്ഥമല്ല എന്ന് ഇന്ന് പരക്കെ അറിയാവുന്നതാണ്. മൃതശരീരത്തില്‍ നിന്നു പതിനഞ്ചു മിനിട്ടിനകം ഹൃദയമോ, മുപ്പതുമിനിട്ടിനകം വൃക്കകളോ, പ്രവര്‍ത്തനക്ഷമമായ നിലയില്‍ എടുത്തു, മറ്റൊരാളില്‍ വെച്ച് പിടിപ്പിക്കാന്‍ഇന്ന് സാധിക്കും. ('ചൈതന്യ സംഗ്രഹ' മായി പുരാതനര്‍ കണക്കാക്കിപ്പോന്ന ഹൃദയത്തിനു, ഇക്കാലത്ത്, വ്യക്തി അചേതനനായിക്കഴിഞ്ഞു പിന്നെയും കുറേക്കാലം ഭൂമിയില്‍ തുടരാന്‍ കഴിയുന്നു! ) തൊലിയില്‍ നിന്നുള്ള സജീവമായ ഗ്രാഫ്ടുകള്‍ മരണ ശേഷം 24 മണിക്കൂര്‍ വരെഎടുക്കാം.അസ്ഥികളില്‍ നിന്നു 48 മണിക്കൂര്‍ വരെയും, രക്ത ധമനികളില്‍ നിന്നു 72 മണിക്കൂര്‍ വരെയുംഇങ്ങനെ ഗ്രാഫ്ടുകള്‍എടുക്കാനാവും.
ഈയൊരു വൈരുദ്ധ്യത്തെ എങ്ങിനെ വിശദീകരിക്കാമെന്നു നോക്കാം:
മനുഷ്യനുള്‍പ്പെടെയുള്ള ബഹുകോശ ജീവികളുടെ ശരീരത്തെ ,ഘടനയില്‍ ഏക കോശജീവികളുടെതിനോട് സമാനമായ നിരവധി കോശങ്ങളുടെ സംഘാതമായാണ് പ്രകൃതി ശാസ്ത്രമിന്നു മനസ്സിലാക്കുന്നത്‌. ഒരു ഏക കോശ ജീവി ചെയ്യുന്നത് പോലെ, ബഹുകോശ ജീവിശരീരത്തിലെ ഓരോ കോശത്തിനും ; സ്വന്തം ചുറ്റുപാടില്‍ നിന്നു ശ്വസന പ്രക്രിയ നടത്താനും, സ്വയം ഭക്ഷണംദഹിപ്പിച്ചു ഊര്‍ജം നേടാനും, പലപ്പോഴും സ്വയം വിഭജിച്ചു പുനരുല്പ്പാദിപ്പിക്കാനും സാധിക്കും.
ഒരൊറ്റ ഭ്രൂണ കോശത്തില്‍ നിന്നു വിഭജിച്ചുണ്ടായവയാണ് ഒരു ജീവിയുടെ എല്ലാ കോശങ്ങളുമെങ്കിലും, ഘടനയിലും ധര്‍മങ്ങളിലും വ്യത്യാസം പുലര്‍ത്തുന്ന വിവിധ കോശ സമൂഹങ്ങള്‍ (tissues), വ്യത്യസ്തകോശ സമൂഹങ്ങളുടെ സംഘാതമായ അവയവങ്ങള്‍ (organs) ഇങ്ങനെയൊരു വിഭജനം ദൃശ്യമാണ്, ബഹുകോശ ജീവികളുടെ അടിസ്ഥാന ഘടനയില്‍. പ്രാണവായുവിന്റെയോ, പോഷകങ്ങളുടെയോ ദൌര്‍ലഭ്യത്തെ നേരിടുന്നതില്‍ വിവിധ കോശ സമൂഹങ്ങള്‍ക്കുള്ള കഴിവുകളില്‍ വളരെ അന്തരമുണ്ട്.
ഉദാഹരണത്തിന്, രക്ത ചംക്രമണം നിലച്ച്, രക്താണ്ക്കള്‍ വഴിയെത്തുന്ന പ്രാണവായു ലഭ്യമല്ലാതായിക്കഴിഞ്ഞാല്‍, വെറും അഞ്ചു മിനിട്ട് കൊണ്ട് തലച്ചോറെന്ന അവയവത്തിലെ കോശസമൂഹങ്ങള്‍ മരിച്ചുപോകും.അതേ സമയം, പ്രാണവായുവിന്റെ അഭാവത്തെ താരതമ്യേന കൂടുതല്‍ സമയം പൊറുത്ത് കഴിയാനാവുന്ന കോശ സമൂഹങ്ങളാല്‍ സംഘടിതമായ കൈകാലുകള്‍ കുറെ നേരം കൂടി ജീവനോടെയിരിക്കും. (മണിക്കൂറുകള്‍ നീണ്ട ആംബുലന്‍സ് യാത്രക്ക് ശേഷം ആശുപത്രിയിലെത്തുന്ന വെട്ടിമാറ്റപ്പെട്ട കൈപ്പത്തികള്‍ തിരികെ യോജിപ്പിച്ച് കിട്ടുന്നത്, കേരളത്തിലെ ഒരു സമാന്യാനുഭവം തന്നെ ആയിട്ടുണ്ട്‌ ഇപ്പോള്‍) 'മരണാ' നാന്തരം ഗ്രാഫ്ടുകള്‍എടുക്കുമ്പോള്‍ , മുന്‍പ് പറഞ്ഞതു പോലെ വ്യതസ്ത സമയ പരിധികള്‍ ഉണ്ടാവാനുള്ള കാരണവും, വിവിധ കോശസമൂഹങ്ങള്‍തമ്മില്‍ പ്രാണവായുവിന്റെ ആവശ്യകതയുടെ അളവിലുള്ള വ്യത്യാസംതന്നെയാണ്.
ഒരു സംഭവം ആയല്ല, ഒരു പ്രക്രിയ ആയാണ് നാമിന്നു മരണത്തെ മനസ്സിലാക്കുന്നത് എന്ന് ആദ്യം പറഞ്ഞുവല്ലോ. വ്യതസ്ത കോശ സമൂഹങ്ങളുടെ ഒന്നിന് പിറകെ മറ്റൊന്നായുള്ള മരണങ്ങള്‍ അടങ്ങുന്ന ഈ പ്രക്രിയക്കിടയില്‍,മസ്തിഷ്ക കോശങ്ങളുടെ മരണം സംഭവിക്കുന്നതോടെ , 'തിരിച്ചുകൊണ്ടു വരാനാകാത്ത ഒരു ഘട്ടം' എത്തിയെന്നും, ആ വ്യക്തിയുടെ മരണം നടന്നുവെന്നും -മനുഷ്യന്റെ ശാസ്ത്ര സാങ്കേതിക സിദ്ധികളുടെ ഇന്നത്തെ ഘട്ടത്തില്‍ നിന്നുകൊണ്ട്- നാം പറയുന്നുവെന്നെ ഉള്ളൂ.

ശരീരത്തെക്കുറിച്ചും, മരണത്തെക്കുറിച്ചുമുള്ള അനുഭവാധിഷ്ടിതമായ ഇത്തരം സമകാലീനധാരണകളുടെ വെളിച്ചത്തില്‍, 'എന്താണ് ഞാന്‍?' എന്ന പരിചിതവും പ്രധാനവുമായ ചോദ്യത്തിന്പുതിയ മറുപടികള്‍ തേടേണ്ടി വരും. കേവലം ജഡ വസ്തുവായ ശരീരമെന്ന യന്ത്രക്കൂട്ടിനകത്തുകഴിയുന്ന, കര്‍ത്താവും ഭോക്താവും ജ്നാതാവുമായ പുരുഷന്‍ (ആത്മാവ്‌) എന്നൊരു അഭൌതികസത്തയാണ് 'ഞാന്‍' എന്ന, ലളിതവും കാവ്യാത്മകവും അതിപുരാതനവുമായ ഉത്തരം, തീര്‍ത്തുംകാലഹരണപ്പെട്ടു പോയി. " You, your joys, sorrows, memories, ambitions, your sense of identity, free will and love are no more than the behaviour of a vast assembly of nerve cells. " എന്നഫ്രാന്‍സിസ്‌ ക്രിക്കിന്റെ വാക്കുകളിലെ ആശയം, സമകാലിക സാമാന്യ ശാസ്ത്ര ബോധത്തിന്റെ ഭാഗംതന്നെയായി തീര്‍ന്നിരിക്കുന്നു.

"ശരീരം ഉണ്ട് , എന്നാല്‍ 'ഞാന്‍' ഇല്ല " എന്ന അവസ്ഥ മൃതശരീരം ഉന്നയിക്കുന്ന ഒരു പ്രഹേളികയായി പുരാതന ചിന്തകര്‍ കണ്ടുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. ശരീരത്തില്‍ നിന്ന്‌ വ്യതിരിക്തമായ ആത്മാവ്‌ എന്ന ആശയം മാത്രമാണ് ഈ പ്രഹേളിക ക്കുള്ള ഉത്തരം എന്നും അവര്‍ ചിന്തിച്ചു. 'ഞാന്‍' എന്നുള്ളത് മസ്തിഷ്ക കോശങ്ങളുടെ പ്രവര്‍ത്തനം കൊണ്ടുണ്ടാവുന്ന ഒരു തോന്നല്‍ മാത്രമാണെന്ന് മനസ്സിലാവുന്നതോടെ ഈ പ്രഹേളിക തന്നെ അപ്രത്യക്ഷമാവുന്നു.

അചേതനമായ ഭൌതിക ദ്രവ്യത്തില്‍ നിന്ന്‌, യാതൊരു ഭൌതികാതീത ശക്തിയുടെയും ആസൂത്രണമോപ്രേരണയോ ഇല്ലാതെ ആല്‍ഗയും ആല്‍മരവും ആള്‍ക്കുരങ്ങനുമൊക്കെയായി പലപാട്പരിണമിച്ചുണ്ടായ ജീവിലോകത്തിലെ , 'പുണര്‍ന്നു പെറുന്ന' പല ഇനങ്ങളില്‍ ഒന്ന് മാത്രമായിട്ടാണ് നാമിന്നു നമ്മെ അറിയുന്നത്. ഭൂകേന്ദ്രീയവും മനുഷ്യകേന്ദ്രീയവുമായ പുരാതന ചിന്താധാരകള്‍ തീര്‍ത്തും അസംഗതമായിക്കഴിഞ്ഞു . ആത്മാവെന്ന ഭൌതികാതീത സത്തയും അതിന്മേല്‍ കെട്ടിയുയര്‍ത്തിയ ആയുര്‍-മൃത്യു സങ്കല്പങ്ങളുമെല്ലാം ഇങ്ങനെ അപ്രസക്തമായിക്കഴിഞ്ഞ പുരാതനധാരണകളാണ്.

വിമര്‍ശന വിധേയമാക്കേണ്ടതില്ലാത്ത, നിരുപദ്രവ സുന്ദരമായ കാവ്യ സങ്കല്‍പ്പങ്ങള്‍ മാത്രമായി വക ധാരണകളെ കാണേണ്ടതല്ലേ എന്ന ചോദ്യം വരാം. എന്നാല്‍, സ്ത്രീ, വൈശ്യന്‍, ശൂദ്രന്‍ എന്നിവരെപാപയോനികള്‍' എന്ന് വിശേഷിപ്പിക്കുന്ന ഭഗവദ്‌ ഗീതാ വാക്യത്തിന്റെയും, 'സുരലോകത്തില്‍നിന്നൊരു ജീവന്‍ പോയ്‌ നരലോകേ മഹീസുരനാകുന്നു' , ചണ്‍ഡ കര്‍മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍ചണ്‍ഡാല കുലത്തില്‍ പിറക്കുന്നു' എന്ന് കേരളമൊട്ടാകെ ദിനം പ്രതി കേള്‍ക്കുന്ന ജ്ഞാനപ്പാന യിലെഈരടിയുടെയുമെല്ലാം അടിസ്ഥാന സങ്കല്‍പം ; ശരീരത്തില്‍ നിന്ന്‌ ഭിന്നവും ഭൌതികാതീതവുമായആത്മാവെന്ന സത്തയെക്കുറിച്ചുള്ള മുഗ്ധ സങ്കല്‍പമാണെന്നത് ഓര്‍ക്കേണ്ടതുണ്ട്. പേരക്കിടാവിനോളമുള്ളയൊരു പെണ്‍കുട്ടിയോട്, "എന്നെ പ്രണാമം ചെയ്യുന്നോ? ഞാന്‍കായസ്തനാണ്. നീ ബ്രാഹ്മണനോ വൈദ്യനോ ആണല്ലോ" എന്നിങ്ങനെ ആശാന്റെ ചണ്‍ഡാലിയെപ്പോലെ പരിഭ്രമിച്ചു പറയുന്നത് കാണാം, ജീവന്‍ ദത്ത. (p.326) ഈയവസരത്തിലദ്ദേഹം വെളിവാക്കുന്ന ഭീതിയും അധമ ബോധവും ഭാരതത്തിലെ നിശബ്ദഭൂരിപക്ഷത്തില്‍ ഉണ്ടാക്കി നില നിര്‍ത്തുന്നതില്‍ വക "കാവ്യ സങ്കല്പ' ങ്ങള്‍ക്കുള്ള പങ്കുചെറുതല്ല.
'

2 comments:

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഈ വിചാരം ബ്ലോഗിൽ ഒതുക്കി നിർത്താതെ വിസ്തരിച്ചെഴുതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ യോഗ്യമാണ്.

viswan said...

വളരെ വളരെ നന്ദി, വായിച്ചതിനും (ആദ്യമായി) അഭിപ്രായം പറഞ്ഞതിനും. വാസ്തവത്തില്‍, തുടങ്ങിയത് വളരെ വിശദമായി ഒരു പുസ്തകത്തിന്റെ രൂപത്തില്‍ ആയിരുന്നു. അത് നടപ്പില്ലാത്ത ഒരു കാര്യമാണെന്ന് തോന്നിയതുകൊണ്ട്, ആദ്യമെഴുതിയത് വെട്ടിച്ചുരുക്കിയതാണ് ഈ രൂപം.

 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.